ആൻ മരിയക്ക് ദൈവം നൽകിയ രണ്ടാം ജന്മം
Lijo & Manju · Indiranagar, St. Sebastian's Church · 21 November 2025

“നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക” എന്ന ദൈവപ്രമാണം ജീവിതത്തിൽ പ്രാവർത്തികമാക്കപ്പെട്ട ഒരു അനുഭവം ഞങ്ങൾ വിനയത്തോടെ പങ്കുവെക്കുന്നു. എന്റെ പേര് ലിജോ, ഭാര്യ മഞ്ജു. ഞങ്ങളുടെ മൂത്ത മകൾ ആൻ മരിയ (7 വയസ്, Blind & Special Child), ഇളയ മകൻ ഓസ്റ്റിൻ ജോൺ (2 വയസ്). ഞങ്ങൾ ബാംഗ്ലൂരിലുള്ള ഇന്ദിരാനഗർ, സെന്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗങ്ങളാണ്.
അപ്രതീക്ഷിതമായി എത്തിയ രോഗബാധ
ഞങ്ങളുടെ മകൾ ആൻ മരിയ പ്രത്യേക പരിശീലനത്തിനായി തൃശൂരിലെ കണ്ണറയിലുള്ള ജയ് ക്രിസ്റ്റോ ബോർഡിംഗ് സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. നവംബർ 21 ന് അവൾക്ക് പനി വരികയും തുടർച്ചയായി seizure (fits) ഉണ്ടാകുകയും ചെയ്തു. സമീപത്ത് മതിയായ ചികിത്സാസൗകര്യം ഇല്ലാത്തതിനാൽ കുട്ടിയെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും അവളുടെ ആരോഗ്യനില വളരെ ഗുരുതരമായിക്കഴിഞ്ഞിരുന്നു. അന്നു തന്നെ നമ്മുടെ രൂപതയിലെ സ്പെഷ്യൽ കുട്ടികളുടെ സംഘടനയായ വിംഗ്സ് ഓഫ് ഹോപ്പിന്റെ ഡയറക്ടർ ജോമോനച്ചനെ വിവരം അറിയിക്കുകയും, ഉടൻ തന്നെ അച്ചൻ സമരിറ്റൻ മിനിസ്ട്രിയുടെ പിന്തുണയോടെ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. ഞങ്ങളുടെ വികാരി ബഹുമാനപ്പെട്ട ഷിജോ അച്ചനും ഇടവകാംഗങ്ങളും രൂപത മുഴുവനും ആൻ മരിയക്കായി പ്രാർത്ഥനയിൽ ഒരുമിച്ചു നിന്നു.
താങ്ങായി മാറിയ സമരിറ്റൻ മിനിസ്ട്രി
ഞാൻ ബാംഗ്ലൂരിൽ നിന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും അവളുടെ സ്ഥിതി കൂടുതൽ മോശമായി, Multi Organ Failure എന്ന ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. ജൂബിലി മിഷൻ കുട്ടികളുടെ അതിതീവ്രപരിചരണ (PICU) സൗകര്യം പരിമിതമായതിനാൽ, കുട്ടിയെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. വെന്റിലേറ്റർ സംവിധാനത്തോടെ കുട്ടിയെ മാറ്റുന്നതിനു മുമ്പ് തന്നെ സമരിറ്റൻ മിനിസ്ട്രി അംഗങ്ങൾ അവിടെയുള്ള മുതിർന്ന ഡോക്ടർമാരുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം മുൻകൂട്ടി ഉറപ്പാക്കി.
ഞാൻ എയർഫോഴ്സിലാണ് ജോലി ചെയ്യുന്നതെങ്കിലും, എനിക്കും എന്റെ കുടുംബത്തിനും ഇൻഷുറൻസ് സൗകര്യം ഉണ്ടായിരുന്നില്ല. ഡിഫൻസ് ആശുപത്രികളിൽ മുഴുവൻ ചികിത്സയും സൗജന്യമായതിനാൽ അതാണ് ഞങ്ങൾ ആശ്രയമായിരുന്നത്. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ചികിത്സാ ചെലവ് ദിവസേന ഉയർന്നുകൊണ്ടിരുന്നു; അത് ഞങ്ങളാൽ താങ്ങാനാകാത്ത സാഹചര്യമായി. തുടർന്ന് ഞാൻ ബാംഗ്ലൂരിലെ ഞങ്ങളുടെ ഡിഫൻസ് ആശുപത്രിയെ വിവരം അറിയിക്കുകയുണ്ടായി. അവർ കുട്ടിയെ ബാംഗ്ലൂരിലേക്ക് മാറ്റുകയോ, അല്ലെങ്കിൽ കൊച്ചിയിലെ നേവൽ ആശുപത്രിയിൽ CGHS നിരക്കിൽ ചികിത്സ ലഭ്യമാക്കുകയോ ചെയ്യാമെന്ന് നിർദേശിച്ചു. നേവൽ ആശുപത്രിയിൽ ആവശ്യമായ തീവ്രപരിചരണ സൗകര്യങ്ങൾ പരിമിതമായതിനാൽ, കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
എന്നാൽ അത്യാഹിതാവസ്ഥയിലായിരുന്നിട്ടും അവിടെ PICU ബെഡ് ഉടൻ ലഭ്യമാകാതെ വന്നത് ഞങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തി. സമരിറ്റൻ മിനിസ്ട്രി അംഗങ്ങളായ ഗുഡിയ ജോൺ, സോജി ജയ്സൺ, ലിയോ സ്റ്റാർവിൻ എന്നിവർ അതിയായ സമർപ്പണത്തോടെ നടത്തിയ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമായി, നിരവധി രാഷ്ട്രീയ ഇടപെടലുകൾ അടക്കം നടത്തി ആവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. അവരുടെ അക്ഷീണ ശ്രമഫലമായി രണ്ടു ദിവസം കൊണ്ട് തന്നെ PICU ബെഡ് ഉറപ്പാക്കാൻ സാധിച്ചു. ആ സമയത്ത് അതൊരു വലിയ ദൈവാനുഗ്രഹമായിരുന്നു.
അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷവും ആൻ മരിയയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടർന്നു. ദീർഘകാലം വെന്റിലേറ്ററിൽ തുടരേണ്ടിവന്നതിനെ തുടർന്ന് CRP നില ഉയർന്നു. നിരന്തരം ഉണ്ടായിരുന്ന seizures മൂലം കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങി. പ്രതീക്ഷിച്ചത്ര പുരോഗതി ഒന്നും കാണാനാകാത്ത അവസ്ഥയിൽ, ഞാനും എന്റെ കുടുംബവും വലിയ നിരാശയിലും മാനസിക വേദനയിലും ആഴ്ന്നു പോയി. എന്നാൽ അതിനിടയിലും എല്ലാവരുടേയും പ്രാർത്ഥനയും പിന്തുണയും ഞങ്ങൾക്ക് കരുത്തായി മാറി. ഇതെല്ലാം മനസ്സിലാക്കിയ ജോമോനച്ചൻ, അടുത്ത ദിവസം തന്നെ അമൃത ആശുപത്രിയിൽ എത്തി കുട്ടിയെ Paediatric Intensive Care Unit (PICU) ൽ സന്ദർശിച്ചു. അവൾക്കായി പ്രാർത്ഥിക്കുകയും രോഗീലേപനം നൽകുകയും ചെയ്തു. തുടർന്ന് കുറേ നേരം ഞങ്ങളോടൊപ്പം ആശുപത്രിയിൽ ചെലവഴിച്ച് ആശ്വസിപ്പിക്കുകയും ആത്മധൈര്യം പകരുകയും ചെയ്തു. ആ ദിനം ഞങ്ങൾ എന്നും കൃതജ്ഞതയോടെ ഓർക്കുന്നു. കസവനഹള്ളി ഇടവകയിലെ സമരിറ്റൻ വോളണ്ടിയർ ഡിജോയെ ആശുപത്രിയിലെ ആവശ്യമായ എല്ലാ സഹായങ്ങൾക്കുമായി ചുമതലപ്പെടുത്തുകയും ചെയ്തു.
വെല്ലുവിളികൾ നിറഞ്ഞ രാത്രി യാത്ര
17 ദിവസത്തെ അതിതീവ്രപരിചരണത്തിനുശേഷം കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി പ്രകടമായി. Creatinine, infection rate, pneumonia, fever എന്നിവയിൽ കുറവുണ്ടായതോടെ രണ്ട് ആശുപത്രികളിലെയും ഡോക്ടർമാർ തമ്മിൽ ആലോചിച്ച് കുട്ടിയെ ബാംഗ്ലൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ, ഇത്രയും ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ 560 കിലോമീറ്റർ ദൂരം, അതും രാത്രിയിൽ റോഡ് മാർഗ്ഗം മാറ്റുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ ദൗത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സമരിറ്റൻ മിനിസ്ട്രി ഏറ്റെടുത്തു.
ഏഴു മണിക്കൂർ; 560 കിലോമീറ്റർ
സ്നേഹ ബഹുമാന്യനായ സെബാസ്റ്റ്യൻ പിതാവിന്റെ ഇടപെടലിലൂടെ, കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നുള്ള ശിശുരോഗ വിദഗ്ധ ഡോ. ട്രീസാ പോൾ മെഡിക്കൽ ടീം ലീഡായി കൂടെ വരാൻ സന്നദ്ധത അറിയിച്ചു. ആവശ്യമായ മെഡിക്കൽ സംവിധാനങ്ങളോടെ, രാത്രി 9 മണിക്ക് യാത്ര ആരംഭിച്ചു. 560 കിലോമീറ്റർ ദൂരം രാത്രിയാത്ര ചെയ്ത് സുരക്ഷിതമായി ബാംഗ്ലൂരിൽ എത്തിച്ചേരേണ്ടിയിരുന്ന ആ യാത്ര, ഞങ്ങൾക്ക് വിശ്വാസവും പ്രാർത്ഥനയും ചേർന്ന ഒരു വലിയ പരീക്ഷണമായിരുന്നു. ലഭിച്ചിരുന്ന വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ സമരിറ്റൻ മിനിസ്ട്രി അംഗങ്ങൾ അത്യന്തം കാര്യക്ഷമമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകളും ട്രാഫിക് ഡിപ്പാർട്ട്മെന്റുകളും ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ച് ആവശ്യമായ അനുമതികൾ ലഭ്യമാക്കി. വഴിയിലുള്ള സന്നദ്ധസംഘടനകൾ, ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ, നമ്മ പ്രവർത്തകർ എന്നിവരുമായി സഹകരണം ഉറപ്പിച്ചു. യാത്രാമാർഗ്ഗത്തിലുള്ള പ്രധാന ആശുപത്രികളുടെ വിവരങ്ങൾ, അടിയന്തരാവസ്ഥയിൽ ബന്ധപ്പെടേണ്ട DMO കോൺടാക്ട് നമ്പറുകൾ, മെഡിക്കൽ കേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയൊക്കെ മുൻകൂട്ടി ട്രാക് ചെയ്ത് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. ജിസോ ജോസ്, എഡ്വിൻ തെക്കേകര എന്നിവർ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് കോർഡിനേഷൻ ചുമതല നിർവ്വഹിച്ചു.
ആശുപത്രി ആവശ്യങ്ങൾക്കും അത്യാഹിത ക്രമീകരണങ്ങൾക്കും സുബിൻ ഉൾപ്പെടെ ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും ലൈവായി ഓൺലൈനിൽ ഉണ്ടായിരുന്നു. ഓരോ ഘട്ടവും നിരീക്ഷിച്ച്, ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി, ഒരു ടീമായി പ്രവർത്തിച്ചാണ് ഈ വെല്ലുവിളിയേറിയ ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. ആംബുലൻസിൽ ഞാനും ഉണ്ടായിരുന്നു. ഓരോ ടോൾഗേറ്റിലും മുൻകൂട്ടി ഒരുക്കിയ അകമ്പടിയോടെ, രണ്ട് മുതൽ നാല് വരെ ചെറിയ ആംബുലൻസുകളുടെ സഹായത്തോടെ ആൻ മരിയയെ കൊണ്ടുപോകുന്ന പ്രധാന ആംബുലൻസ് തടസ്സമില്ലാതെ മുന്നേറി. 560 കിലോമീറ്റർ ദൂരം വെറും ഏഴ് മണിക്കൂറിനുള്ളിൽ പിന്നിട്ട്, പുലർച്ചെ ഏകദേശം 4 മണിയോടെ ഞങ്ങൾ സുരക്ഷിതമായി ബാംഗ്ലൂരിലെ കമാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.
പുലർച്ചെ 4 മണിക്ക് വണ്ടി എത്തുമ്പോഴേക്കും ജോമോനച്ചൻ ആശുപത്രി ഗേറ്റിൽ കാത്തുനിന്നിരുന്നു. ഞങ്ങളുടെ ആവശ്യത്തിനായി സ്വന്തം കുടുംബത്തെയും രണ്ട് കുഞ്ഞുങ്ങളെയും വിട്ട് കൂടെയെത്തിയ അച്ചന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആ രാത്രി ഞങ്ങൾ അനുഭവിച്ചത് മനുഷ്യസ്നേഹത്തിന്റെ, പ്രാർത്ഥനയുടെ, കൂട്ടായ്മയുടെ അതുല്യമായ സാക്ഷ്യമായിരുന്നു.
ജീവിതത്തിലേക്ക് തിരികെ
കമാൻഡ് ഹോസ്പിറ്റലിൽ എത്തിച്ചേർന്നതോടെ ആൻ മരിയയുടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടാൻ തുടങ്ങി. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ സാധിച്ചു. തുടർന്ന് infection, Creatinine, pneumonia എന്നിവ എല്ലാം ക്രമാനുഗതമായി കുറഞ്ഞു. എന്നിരുന്നാലും സ്വാഭാവികമായി ശ്വസിക്കാൻ ബുദ്ധിമുട്ട് തുടരുന്നതിനാൽ Tracheostomy ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. ഡിസംബർ 13 ന് ശസ്ത്രക്രിയ വിജയകരമായി നടന്നു. പിന്നീട് ഡിസംബർ 31 ന് tracheostomy ട്യൂബോടുകൂടി കുട്ടിയെ ഡിസ്ചാർജ് ചെയ്തു. ഞങ്ങളുടെ ക്വാർട്ടേഴ്സിൽ ഹോം നഴ്സിന്റെ സഹായത്തോടെ രണ്ടാഴ്ച പരിചരണം തുടർന്നു. കുട്ടിയുടെ ശ്വസന ബുദ്ധിമുട്ട് പൂർണ്ണമായും മാറിയതായി ഡോക്ടർമാർ ഉറപ്പ് വരുത്തുകയും, ഫെബ്രുവരി 25 നു tracheostomy ട്യൂബ് വിജയകരമായി നീക്കം ചെയ്യുകയും ചെയ്തു. മൂന്ന് ദിവസത്തെ സൂക്ഷ്മമായ നിരീക്ഷണത്തിനുശേഷം, SPO2 ഉൾപ്പെടെ എല്ലാ vital parameters ഉം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തി കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
നന്ദിയോടെ ഞങ്ങളുടെ കുടുംബം
കമാൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ശേഷവും സമരിറ്റൻ മിനിസ്ട്രി–വിംഗ്സ് ഓഫ് ഹോപ്പ് അംഗങ്ങൾ നിരന്തരം വിവരങ്ങൾ അന്വേഷിക്കുകയും, ഞങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകി വരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയേറിയ ഈ മൂന്നു മാസങ്ങളിൽ, ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി കൈപിടിച്ച് നിന്ന ഈ നല്ല സമരിയാക്കാരോടുള്ള നന്ദി വാക്കുകൾക്കതീതമാണ്. അവരുടെ കരുതലും സമർപ്പണവും ഞങ്ങൾ ഒരിക്കലും മറക്കില്ല. നല്ല സമരിയാക്കാരന്റെ ഉപമ നെഞ്ചോടു ചേർത്ത് പിടിച്ച് ഈ മിനിസ്ട്രി ഇനിയും അനേകർക്കു പ്രത്യാശയും ആശ്വാസവും നൽകി മുന്നേറട്ടെ എന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
